കെഎസ്ആർടിസി ബസ് ഡ്രൈവർമാരുടെ ഗുണ്ടായിസം വെളിപ്പെടുത്തി മാധ്യമ പ്രവർത്തകനായ യുവാവ് ബാലുമഹേന്ദ്രയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. കെഎസ്ആർടിസിയെ രക്ഷപ്പെടുത്താൻ തച്ചങ്കരി കിടന്ന് പുലികളി നടത്തിയിട്ട് കാര്യമില്ലെന്നും ആദ്യം ജീവനക്കാരുടെ മനോഭാവമാണ് മാറ്റേണ്ടതെന്നും അദ്ദേഹം തന്റെ പോസ്റ്റിൽ പറയുന്നു. കെഎസ്ആർടിസി രക്ഷപ്പെടണമെങ്കിൽ ആദ്യം ജീവനക്കാരുടെ ഗുണ്ടായിസം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാലാ റൂട്ടിൽ സർവീസ് നടത്തുന്ന ഫാസ്റ്റ്പാസഞ്ചർ ബസ്സിലെ ഡ്രൈവർ ഡ്യൂട്ടി സമയം ബസ് നിർത്തിയിട്ട് കൂട്ടുകാരനോട് കുശലം പറയുകയായിരുന്നു എന്നും ഇത് ചോദ്യം ചെയ്ത യാത്രക്കാരനെ ഡ്രൈവർ ക്രൂരമായി മർദിക്കുകയും ചെയ്തുവെന്നാണ് ബാലു മഹേന്ദ്രയുടെ ഫേസ്ബുക്ക് പോസ്റ്റ്.സംഭവത്തിൽ കേസ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചിട്ടുണ്ട് .