ചന്ദ്രയാൻ-2 വിക്ഷേപണം 2019ല്‍
തെക്കൻ ധ്രുവത്തിലെ ധാതു-ജല നിക്ഷേപത്തെക്കുറിച്ച് വിശദാംശങ്ങൾ ശേഖരിക്കലാണ് മുഖ്യലക്ഷ്യം
ലോകം കാത്തിരിക്കുന്ന ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ-2 അടുത്ത വർഷമാദ്യം വിക്ഷേപിക്കും.ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ. കെ. ശിവൻ ആണ് ഇക്കാര്യം പത്രസമ്മേളനത്തില്‍ അറിയിച്ചത്. സാഹചര്യങ്ങൾ അനുകൂലമെങ്കിൽ വിക്ഷേപണം 2019 ജനുവരി മൂന്നിനായിരിക്കും. അതിനു കഴിഞ്ഞില്ലെങ്കിൽ ഫെബ്രുവരി 16 വരെയുള്ള ഏതുസമയത്തും വിക്ഷേപിക്കാനാകും. ബഹിരാകാശ ദൗത്യങ്ങളുടെ ചരിത്രത്തിലാദ്യമായി ചന്ദ്രന്റെ തെക്കൻ ധ്രുവത്തിൽ യന്ത്രവാഹനം (റോവർ) ഇറക്കി പര്യവേക്ഷണം നടത്താനാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. രാജ്യം ഇതുവരെ നടത്തിയ ബഹിരാകാശ ദൗത്യങ്ങളിൽ ഏറ്റവും സങ്കീർണമാണിത് .തെക്കൻ ധ്രുവത്തിലെ ധാതു-ജല നിക്ഷേപത്തെക്കുറിച്ച് വിശദാംശങ്ങൾ ശേഖരിക്കലാണ് മുഖ്യലക്ഷ്യം.നേരത്തേ തയ്യാറാക്കിയതിൽ ചില മാറ്റങ്ങൾ വരുത്തിയാണ് വിക്ഷേപണത്തിന് ഒരുങ്ങുന്നത്. ഭാരം 3.8 ടണ്ണായി വർധിപ്പിച്ചു. ജി.എസ്.എൽ.വി.-എം.കെ.-3 വിനിയോഗിച്ചായിരിക്കും വിക്ഷേപണം സാധ്യമാക്കുക. ഈ വർഷം ഏപ്രിലിൽ വിക്ഷേപണം നടത്താനായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്നത്.