കൊട്ടിയത്ത് പതിനാലുകാരന്‍ ജിത്തു ജോബിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുമ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അമ്മ ജയമോള്‍ക്ക് കടുത്ത മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് കൂടുതല്‍ പേര്‍ പറയുന്നത്. കൊലപാതകത്തില്‍ പോലീസിന് നിരവധി സംശയങ്ങള്‍ ഇനിയും ബാക്കിയുള്ളതിനാല്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനുള്ള തീരുമാനിത്തിലാണ്. പിതാവിന്റെ വീട്ടില്‍ പോയി മടങ്ങിയെത്തിയ ജിത്തു എന്തോ പറഞ്ഞപ്പോഴാണ് ജയമോള്‍ പ്രകോപിതയായതെന്നാണ് നേരത്തെ ലഭിച്ചിട്ടുള്ള മൊഴി. എന്നാല്‍ കുട്ടി എന്ത് പറഞ്ഞപ്പോഴാണ് ജയമോള്‍ക്ക് ദേഷ്യം വന്നത് എന്ന കാര്യത്തില്‍ പോലീസ് അന്തിമ നിഗനത്തില്‍ എത്തിയിട്ടില്ല. ജയമോള്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് ഭര്‍ത്താവ് ജോബ് ജി ജോണ്‍ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മാനസികമായ വിഷമം മൂലം കടുംകൈ എന്നാണ് അദ്ദേഹം പ്രതികരിച്ചത്. സമാനമായ പ്രതികരണം തന്നെയാണ് മകളും ഇപ്പോള്‍ നടത്തിയിരിക്കുന്നത്.ജിത്തുവിന് അച്ഛന്റെ വീട്ടില്‍ അടുപ്പം കൂടുതലായിരുന്നു. എല്ലാ ദിവസവും കുട്ടി ആ വീട്ടില്‍ പോകുമായിരുന്നു. അവിടെ നടക്കുന്ന ചര്‍ച്ചകളുടെ ചില ഭാഗങ്ങള്‍ വീട്ടിലെത്തിയാല്‍ പറയും. ഇത് കേള്‍ക്കുമ്പോള്‍ ജയമോള്‍ക്ക് ദേഷ്യം പിടിക്കുമായിരുന്നു.