Indian captain Kohli said the team does not have to prove anything to anyone and that is is important to stay in the present in the upcoming three-Test series against South Africa.
ജനുവരിയില്‍ നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ മികച്ച പ്രകടനം നടത്താമെന്ന പ്രതീക്ഷയിലാണ് വിരാട് കോലിയും സംഘവും. ടീം ഇന്ത്യക്കു ആര്‍ക്കു മുന്നിലും ഒന്നും തെളിയിക്കാനില്ലെന്ന് കോലി വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കുന്നതിനുമുമ്പ് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനുഷ്‌കാ ശര്‍മയുമായുള്ള വിവാഹ ശേഷമുള്ള കോലിയുടെ ആദ്യ വാര്‍ത്താസമ്മേളനമായിരുന്നു ഇത്. ജനുവരി അഞ്ചിനാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം തുടങ്ങുന്നത്. മൂന്നു ടെസ്റ്റുകളിലാണ് ഇരുടീമും ഏറ്റുമുട്ടുക. ഇന്ത്യന്‍ ടീമിനു ഇതുവരെ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പര നേടാന്‍ കഴിഞ്ഞിട്ടില്ല. ഈ ദുഷ്‌പേര് കോലിയും സംഘവും ഇത്തവണ തീര്‍ക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരേ നാട്ടില്‍ നടന്ന പരമ്പരകള്‍ നേടാനായത് ടീമിന്റെ ആത്മവിശ്വാസമുയര്‍ത്തിയിട്ടുണ്ടെന്നു കോലി വ്യക്തമാക്കി. എന്നാല്‍ വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തെ കഴിഞ്ഞ പരമ്പരകളുമായി താരതമ്യം ചെയ്യരുതെന്ന് ഇന്ത്യന്‍ നായകന്‍ പറഞ്ഞു. വിദേശ പര്യടനം നടത്തുമ്പോള്‍ ടീമിനുമേല്‍ സമ്മര്‍ദ്ദമുണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍ ടീമിന് ആര്‍ക്കു മുന്നിലും ഒന്നും തെളിയിക്കാനില്ല. അവിടെ പോയി കഴിവിന്റെ 100 ശതമാനവും നല്‍കുകയെന്നതു മാത്രമാണ് തങ്ങളുടെ ചുമതലയെന്നും കോലി കൂട്ടിച്ചേര്‍ത്തു. ഒരു ബാറ്റ്‌സ്മാനെ സംബന്ധിച്ചിടത്തോളം മാനസികാവസ്ഥയാണ് ഏറ്റവും പ്രധാനമെന്ന് കോലി പറഞ്ഞു. മനസ്സ് അര്‍പ്പിച്ച് ബാറ്റ് ചെയ്തില്ലെങ്കില്‍ ഇന്ത്യയില്‍ പോലും കാര്യങ്ങള്‍ ദുഷ്‌കരമാവും. അതുകൊണ്ടു തന്നെ ഏതു പിച്ചില്‍ കളിക്കുകയാണെങ്കിലും ബാറ്റ്‌സ്മാന്‍മാന്റെ മാനസികാവസ്ഥയ്ക്ക് വളരെ പ്രാധാന്യമുണ്ട്.