കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍റെ പ്രൈവറ്റ് സെക്രട്ടറിയായി മുന്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ പ്രശാന്ത് നായരെ നിയമിച്ചു. കഴിഞ്ഞദിവസമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. നിലവിൽ ഒരു പദവിയും വഹിക്കാതെ, അവധിയിൽ കഴിയുകയാണ് പ്രശാന്ത് നായർ. രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് പ്രശാന്ത് നായരെ തന്റെ പ്രൈവറ്റ് സെക്രട്ടറിയായി അദ്ദേഹം നിയമിച്ചിരിക്കുന്നത്. കോഴിക്കോട് കലക്ടറായിരിക്കെയാണ് പ്രശാന്ത് നായരെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിക്കുന്നത്. എന്നാൽ അദ്ദേഹം ചുമതല ഏറ്റെടുക്കാതെ അവധിയിൽ പോയി. സോഷ്യൽ മീഡിയ കലക്ടർ ബ്രോ എന്ന് സ്നേഹത്തോടെ വിളിച്ചിരുന്ന പ്രശാന്ത് നായർ, ജനപ്രിയ പദ്ധതികളിലൂടെയും, നിലപാടുകളിലൂടെയുമാണ് പ്രിയങ്കരനാകുന്നത്. എന്നാൽ കോഴിക്കോട് കലക്ടറായിരിക്കെ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തെന്ന് അദ്ദേഹത്തിനെതിരെ ആരോപണമുയർന്നിരുന്നു. ഇക്കാര്യത്തിൽ പൊതുഭരണ വകുപ്പ് അന്വേഷണത്തിന് ഉത്തരവിടുകയും, അന്വേഷണ റിപ്പോർട്ടിൽ കലക്ടർക്ക് വീഴ്ച പറ്റിയെന്ന് സൂചിപ്പിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് പ്രശാന്ത് നായരെ കോഴിക്കോട് ജില്ലാ കലക്ടർ സ്ഥാനത്ത് നിന്നും മാറ്റിയത്