മോട്ടോർ വാഹന നിയമത്തിൽ വൻപിഴ ഒഴിവാക്കാൻ ഭേദഗതിക്ക് സർക്കാർ നീക്കം. പിഴ കുറച്ച് ഓർഡിനൻസ് ഇറക്കുന്നതിന്റെ നിയമസാധുത തേടി ഗതാഗത വകുപ്പ് നിയമവകുപ്പിന് കത്തയച്ചു. വൻപിഴ ഈടാക്കുന്നത് ശക്തമായ പ്രതിഷേധത്തിനിടയാക്കിയ സാഹചര്യത്തിലാണ് പുതിയ നീക്കം. ഇന്നലെ മുഖ്യമന്ത്രി മോട്ടോർ വാഹന വകുപ്പിലെ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു.
ഓണക്കാലം കഴിയുന്നതുവരെ കർശന വാഹന പരിശോധനയും ഉയർന്ന പിഴയും ഈടാക്കേണ്ടെന്ന് നിർദേശിച്ചിരുന്നു. ഓണം കഴിഞ്ഞതിനു ശേഷം തുടർ നടപടികൾ സ്വീകരിക്കാമെന്നാണ് മുഖ്യമന്ത്രി നൽകിയ നിർദേശം. ഈ യോഗത്തിലാണ് പിഴകുറച്ച് ഓർഡിനൻസ് ഇറക്കുന്നതിനെക്കുറിച്ച് അഭിപ്രായം ഉയർന്നത്. വാഹന ഉടമകൾ വൻ പിഴ അടയ്ക്കാൻ തയ്യാറാകാതെ പിഴ കോടതിയിൽ അടയ്ക്കാമെന്ന നിലപാടിലാണെന്ന വിവരം യോഗത്തിൽ മോട്ടോർ വാഹന ഉദ്യോഗസ്ഥർ അറിയിച്ചു.