കൊടിയ വരൾച്ചമൂലം വ്യാപകമായുണ്ടായ കൃഷിനാശത്തിനു പിന്നാലെ വീശിയടിച്ച കാറ്റിനൊപ്പമെത്തിയ വേനൽമഴയും പലയിടങ്ങളിലും വലിയ തോതിൽ കൃഷിനാശമുണ്ടാക്കി. ഓണം മുന്നിൽക്കണ്ട് കൃഷി ചെയ്തവരുടെ സ്വപ്നങ്ങളാണ് കാറ്റ് കൊണ്ടുപോയത്. വരൾച്ചയിലും വേനൽമഴയിലുമായി സംസ്ഥാനത്തുണ്ടായത് 108.04 കോടിയുടെ കൃഷി നാശം. 2,947 ഹെക്ടറിലെ കൃഷി നശിച്ചു.വരൾച്ചയിൽ 1,899 ഹെക്ടറിലായി 44.61 കോടിയുടെയും വേനൽമഴയിൽ 1,048 ഹെക്ടറിലായി 63.43 കോടിയുടെയും നഷ്ടമുണ്ടായെന്നാണ് കൃഷി വകുപ്പിന്റെ കണക്ക്. 13,638 കർഷകർ കടക്കെണിയിലായി. നാമമാത്രമായ തുകയേ സർക്കാരിന്റെ നഷ്ടപരിഹാരമായി ലഭിക്കൂ. വരൾച്ചയിൽ കൃഷി നശിച്ചവർക്ക് 4.18 കോടിയാണ് കൃഷിവകുപ്പ് അനുവദിക്കുക. വേനൽമഴയിലെ നഷ്ടക്കണക്കെടുപ്പ് പൂർത്തിയായിട്ടില്ല. ഭൂരിഭാഗം കർഷകരും വിളകൾ ഇൻഷ്വർ ചെയ്യാറില്ലെന്നതിനാൽ വലിയ നഷ്ടം നേരിടും. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിന്നടക്കം വായ്പയെടുത്ത് കൃഷിയിറക്കിയവർക്ക് തിരിച്ചടയ്ക്കാൻ മാർഗമില്ലാതായി.