ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥിപ്പട്ടികയായി. ജെഡിഎസ്സിനെ ഒഴിവാക്കി കോട്ടയം സീറ്റ് ഏറ്റെടുത്ത സിപിഎം പി. കരുണാകരനൊഴിച്ച് ബാക്കിയെല്ലാ സിറ്റിംഗ് എംപിമാർക്കും സീറ്റ് നൽകിയിട്ടുണ്ട്.സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് സിപിഎം പാർലമെന്റ് മണ്ഡലം കമ്മിറ്റികളുടെ യോഗം ഇന്ന് ചേരും. ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് സ്ഥാനാർത്ഥി നിർണയവുമായി കൈക്കൊണ്ട തീരുമാനങ്ങൾ കമ്മിറ്റികൾ ചർച്ച ചെയ്യും. സംസ്ഥാന സമിതിയുടെയും ദേശീയ നേതൃത്വത്തിന്‍റെയും അംഗീകാരത്തോടെ വെള്ളിയാഴ്ച സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. പാർലമെന്‍റ് മണ്ഡലം കമ്മിറ്റികളുടെ അഭിപ്രായം കൂടി കണക്കിലെടുത്താവും അന്തിമ സ്ഥാനാർത്ഥി പട്ടിക. കോഴിക്കോട് എ പ്രദീപ് കുമാർ എംഎൽഎയ്ക്കാണ് സാധ്യത. വടകരയിൽ പി ജയരാജനെ ഇറക്കുമോ എന്ന ചോദ്യം നിൽക്കുന്നു. വി ശിവദാസിനും സാധ്യതയുണ്ട്. കോഴിക്കോട്ടും വടകരയിലും മുഹമ്മദ് റിയാസിന്‍റെ പേരും ഉണ്ട്.