മന്ത്രി ജി സുധാകരനെയും എംപി എൻ. കെ പ്രേമചന്ദ്രനെയും രൂക്ഷമായി വിമർശിച്ചുകൊണ്ട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെ ഫേസ്ബുക്ക്പോസ്റ്റ്. മോദി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം നിതിൻഗഡ്കരി ഈ വകുപ്പ് ഏറ്റെടുത്തതോടെയാണ് കൊല്ലം ബൈപ്പാസിന്റെ ചുവപ്പുനാട അഴിഞ്ഞതെന്നും പണം കിട്ടിയതെന്നും കെ സുരേന്ദ്രൻ പറയുന്നു. കൊല്ലം ബൈപ്പാസിനെ കുറിച്ച് ഒരക്ഷരം ശബ്ദിക്കാനുള്ള അവകാശം ഇരുമുന്നണികൾക്കും ഉണ്ടോ എന്നാണ് കെ സുരേന്ദ്രന്റെ ചോദ്യം. തന്ത്രിമാരുടെ അടിവസ്ത്രം പരിശോധിക്കാൻ നടക്കുന്ന സുധാകരനെയും എട്ടുകാലി മമ്മൂഞ്ഞ് കളിക്കുന്ന പ്രേമചന്ദ്രനെയും കാണുമ്പോൾ കൊല്ലത്ത്കാർ മൂക്കത്ത് കൈവച്ച് പോകുന്നു എന്നും കെ സുരേന്ദ്രൻ പരിഹസിക്കുന്നു. കൊല്ലം ബൈപ്പാസിന്റെ കാര്യം മാത്രമല്ല കേരളത്തിലെ മറ്റ് റോഡുകളുടെയും അവസ്ഥ ഇതു തന്നെയാണെന്നാണ് കെ സുരേന്ദ്രൻ തന്റെ പോസ്റ്റിൽ വ്യക്തമാക്കിയിരിക്കുന്നത്.