ബാഴ്സലോണക്കെതിരെ കളിയ്ക്കാൻ ഇന്ത്യയുടെ കറുത്ത മുത്ത്
ക്ലാഷ് ഓഫ് ലെജൻഡ്സ്’ മത്സരത്തിന്റെ തീയ്യതിയും സാധ്യത ടീമിനെയും മോഹൻ ബഗാൻ പ്രഖ്യാപിച്ച് മോഹൻ ബഗാൻ.
മോഹൻ ബഗാന്റെയും സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയുടെയും ഇതിഹാസ താരങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്ന ക്ലാഷ് ഓഫ് ലെജൻഡ്സ്’ മത്സരത്തിന്റെ തീയ്യതിയും സാധ്യത ടീമിനെയും പ്രഖ്യാപിച്ച് മോഹൻ ബഗാൻ.
സെപ്തംബർ 28ന് വിവേകാനന്ദ യുവഭാരതി ക്രികാരംഗൻ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം.ബാഴ്സലോണക്കെതിരെ കളിക്കുന്ന മോഹൻ ബഗാൻ ടീമിന്റെ അൻപത്തിയൊന്നംഗ സാധ്യത ടീമിനെ കഴിഞ്ഞ ദിവസം ക്ലബ് പുറത്തു വിട്ടിരുന്നു. കേരളത്തിന്റെയും ഇന്ത്യയുടെയും അഭിമാനതാരങ്ങളായ ഐ.എം.വിജയൻ, ജോപോൾ അഞ്ചേരി എന്നിവർക്കു പുറമേ ബൈചുങ് ബൂട്ടിയ, സുനിൽ ഛേത്രി എന്നീ സൂപ്പർ താരങ്ങളും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. ഈ അൻപത്തിയൊന്നംഗ ടീമിൽ നിന്നും മുപ്പതു പേരെയാണ് അവസാന ടീമിലേക്കു തിരഞ്ഞെടുക്കുക. ബാഴ്സലോണക്കു വേണ്ടി കളിക്കുന്ന താരങ്ങളുടെ വിവരങ്ങൾ പുറത്തു വന്നിട്ടില്ലെങ്കിലും ഇപ്പോൾ സെനഗൽ സഹപരിശീലകനായ പാട്രിക് ക്ലവർട്, ബാഴ്സ ഡയറക്ടർ അബിദാൽ, എഡ്ഗാർ ഡേവിസ്, ബ്രസീലിയൻ താരം എഡ്മിൽസൺ എന്നിവർ മത്സരത്തിൽ കളിക്കുമെന്നാണ് സൂചനകൾ.
നൂറു വർഷത്തിലധികം ചരിത്രമുള്ള ഇരു ക്ലബുകളും തമ്മിലുള്ള മത്സരം ഇന്ത്യയുടെ ഫുട്ബോൾ ചരിത്രത്തിൽ തന്നെ ഇടം നേടാൻ പോവുന്ന ഒന്നായിരിക്കും.
കൊൽക്കത്തയിലെ ഫുട്ബോളിനെ സ്നേഹിക്കുന്ന ജനങ്ങൾക്ക് തങ്ങൾ ഒരു കാലത്ത് നെഞ്ചിലേറ്റിയിരുന്ന താരങ്ങളെ ഒരിക്കൽ കൂടി കാണാൻ അവസരമൊരുക്കുന്നത് സന്തോഷമുള്ള കാര്യമാണെന്ന് മോഹൻ ബഗാൻ സെക്രട്ടറി അൻജൻ മിത്ര പറഞ്ഞു. കരുത്തിൽ ബാഴ്സലോണക്ക് പുറകിലാണെങ്കിലും ചരിത്രത്തിൽ അവർക്കൊപ്പം തന്നെ നിൽക്കുന്ന ക്ലബാണു മോഹൻ ബഗാനെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും ചരിത്ര മത്സരത്തിനു വേണ്ടിയുള്ള ആവേശത്തോടെയുള്ള കാത്തിരിപ്പിലാണ് കൊൽക്കത്തയിലെ ഫുട്ബോൾ പ്രേമികൾ.