കാലാവസ്ഥ കലിതുള്ളുന്നു
ഓറഞ്ച് വിഭാഗത്തിലുള്ള മുന്നറിയിപ്പ് കാലാവസ്ഥാ കേന്ദ്രം നല്‍കിയിട്ടുണ്ട്
രാജ്യത്തുടനീളം അനുഭവപ്പെട്ട ശക്തമായ ഇടിമിന്നലിലും പൊടിക്കാറ്റിലും മഴയിലും മരിച്ചവരുടെ എണ്ണം 60 ആയി. ഉത്തര്‍പ്രദേശില്‍ 18 പേരും ആന്ധ്രാപ്രദേശില്‍ എട്ടും തെലങ്കാനയില്‍ മൂന്നും ബംഗാളില്‍ ഒമ്പതും ഡല്‍ഹിയില്‍ അഞ്ചും പേരാണ് ഞായറാഴ്ചയും തിങ്കളാഴ്ച പുലര്‍ച്ചയുമായി മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.അടുത്ത 48 മുതല്‍ 72 മണിക്കൂര്‍ വരെ വടക്കേ ഇന്ത്യയില്‍ വ്യാപകമായി ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പുമുണ്ട്.
ഓറഞ്ച് വിഭാഗത്തിലുള്ള മുന്നറിയിപ്പാണ് കാലാവസ്ഥാ കേന്ദ്രം നല്‍കിയിരിക്കുന്നത്. ജനജീവിതത്തെ ബാധിക്കുന്ന വിധമുള്ള കാലാവസ്ഥയ്ക്കാണ് ഈ വിഭാഗത്തിലുള്ള മുന്നറിയിപ്പു നല്‍കുന്നത്.
മുന്നിറിയിപ്പു മേഖലകളിലുള്ളവര്‍ അടിയന്തര സാഹചര്യം നേരിടാന്‍ എപ്പോഴും സജ്ജരായിക്കണമെന്നതാണ് ഈ മുന്നറിയിപ്പുകൊണ്ട് അര്‍ഥമാക്കുന്നത്.അതിശക്തമായ പൊടിക്കാറ്റിലും മഴയിലും ഡല്‍ഹിയില്‍ നഗരജീവിതം സ്തംഭിച്ചു. 70 കിലോമീറ്റര്‍ വേഗത്തില്‍ ആഞ്ഞടിച്ച കാറ്റിനൊപ്പം മഴയും പെയ്തത് വ്യോമ, റോഡ്, മെട്രോ ഗതാഗതം തടസ്സപ്പെടുത്തി. ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെത്തേണ്ട 70 വിമാനങ്ങള്‍ തിരിച്ചുവിട്ടു.ഡല്‍ഹി വിമാനത്താവളത്തിന്റെയും ഡല്‍ഹി മെട്രോയുടെയും പ്രവര്‍ത്തനം അരമണിക്കൂറിലേറെ തടസ്സപ്പെട്ടു.