ഐഎസ്എല്ലില്‍ സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ ജയിച്ചേ തീരൂവെന്ന വെല്ലുവിളിയുമായി ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന് ജയം. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ഡല്‍ഹി ഡൈനാമോസിനെയാണ് മഞ്ഞപ്പട സ്വന്തം മൈതാനത്ത് മറികടന്നത്. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം. ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷമാണ് മഞ്ഞപ്പട തിരിച്ചടിച്ച് ജയം കൊയ്തത്. തുടര്‍ച്ചയായ രണ്ടു തോല്‍വികള്‍ക്കു ശേഷം ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യജയം കൂടിയാണിത്.35ാം മിനിറ്റില്‍ കലു ഉക്കെയുടെ പെനല്‍റ്റിയിലൂടെ ബ്ലാസ്റ്റേഴ്‌സിനെ ഞെട്ടിച്ച് ഡല്‍ഹി അക്കൗണ്ട് തുറന്നിരുന്നു. ഒന്നാംപകുതിയിലെ ഹീറോയായ ഉക്കെ രണ്ടാംപകുതിയില്‍ ഡല്‍ഹിയുടെ വില്ലനായി മാറി. 47ാം മിനിറ്റില്‍ ഉക്കെയുടെ സെല്‍ഫ് ഗോള്‍ ബ്ലാസ്‌റ്റേഴ്‌സിനെ ഒപ്പമെത്തിച്ചു. 75ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ഇയാന്‍ ഹ്യൂമാണ് മഞ്ഞപ്പടയുടെ വിജയഗോള്‍ നേടിയത്. ദീപേന്ദ്ര നേഗിയെ ഡല്‍ഹി താരം പ്രതീക് ചൗധരി ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിനെ തുടര്‍ന്നു ലഭിച്ച പെനല്‍റ്റി ഹ്യൂം ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.