സൗദി അറേബ്യയില്‍ അഴിമതി വിരുദ്ധ ഏജന്‍സി അറസ്റ്റ് ചെയ്തവരില്‍ പ്രധാനിയാണ് ലോക കോടീശ്വരന്‍മാരില്‍ പ്രമുഖനായ അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍. വിട്ടയക്കണമെങ്കില്‍ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അധ്യക്ഷനായ ഏജന്‍സി മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ പാലിക്കാതെ രക്ഷയില്ല. ഈ മാസം കഴിയുന്നത് വരെയാണ് അറസ്റ്റിലായവര്‍ക്ക് നല്‍കിയിരിക്കുന്ന സമയം. അതുകഴിഞ്ഞാല്‍ കേസ് കോടതിയിലേക്ക് മാറ്റും. ബിന്‍ തലാല്‍ രാജകുമാരനോട് വന്‍ തുകയാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഇത്രയും വലിയ തുക നല്‍കാന്‍ സാധിക്കില്ലെന്നാണ് ബിന്‍ തലാല്‍ പറഞ്ഞത്. പക്ഷേ, സൗദി ഭരണകൂടത്തിന്റെ നോട്ടം ബിന്‍ തലാലിന്റെ ഉടമസ്ഥതയിലുള്ള ലോകം മൊത്തം വ്യാപിച്ചുകിടക്കുന്ന വന്‍കിട കമ്പനികളിലേക്കാണ്.അറസ്റ്റിലയവരില്‍ നിന്ന് മൊത്തം 10000 കോടി ഡോളര്‍ കൈവശപ്പെടുത്താനാണ് ഭരണകൂടത്തിന്റെ നീക്കം. ഓരോരുത്തര്‍ക്കും കെട്ടിവയ്‌ക്കേണ്ട തുക സംബന്ധിച്ച് അറിയിപ്പ് നല്‍കിയിട്ടുണ്ട്. നിരവധി പ്രമുഖര്‍ തുക കെട്ടിവച്ച് മോചിതരാകുകയും ചെയ്തു.ബിന്‍ തലാലിനോട് സൗദി ഭരണകൂടം ആവശ്യപ്പെട്ടിരിക്കുന്നത് 600 കോടി ഡോളറാണ്. ഇത്രയും തുക നല്‍കാന്‍ സാധിക്കില്ലെന്നാണ് രാജകുമാരന്റെ നിലപാട്.