കേന്ദ്രസര്‍ക്കാര്‍ ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കി. ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക പരിഗണനകള്‍ നല്‍കാതെ അവരെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിലൊരു നടപടി എന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം. കേന്ദ്ര ന്യൂനപക്ഷ ക്ഷേമകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് ഇതാദ്യമായി 1.75 ലക്ഷം തീര്‍ത്ഥാടകര്‍ സബ്‌സിഡി ഇല്ലാതെ ഹജ്ജിന് പോകുമെന്ന് മന്ത്രി പറഞ്ഞു. ഇതുവഴിയായി കേന്ദ്രം 700 കോടി രൂപ ലാഭിക്കുമെന്നും ഈ പണം ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസത്തിനായി ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.സബ്സിഡി ഘട്ടംഘട്ടമായി നിർത്തലാക്കാൻ 2012ൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിനു നിർദേശം നൽകിയിരുന്നു. 2022ന് അകം നിർത്താനായിരുന്നു നിർദേശം.ഹജ് യാത്രയുടെ വിമാനക്കൂലിക്ക് സർക്കാർ വിമാനക്കമ്പനികൾക്കു നൽകുന്ന സബ്സിഡിയാണ് ഹജ് സബ്സിഡി എന്ന് പൊതുവെ അറിയപ്പെടുന്നത്.മക്കയിലേക്ക് ഇന്ത്യയിലെ പുറപ്പെടൽ കേന്ദ്രത്തിൽനിന്നുള്ള വിമാനക്കൂലിക്കാണ് സബ്സിഡി ലഭിക്കുന്നത്. കപ്പൽയാത്രയെക്കാൾ വിമാനയാത്രയ്ക്കു വരുന്ന അധിക ചെലവിനുള്ള സർക്കാർ സഹായം എന്ന നിലയിൽ 1974ൽ ഇന്ദിരാഗാന്ധിയാണ് സബ്സിഡിക്ക് തുടക്കമിട്ടത്.