പോണ്ടിച്ചേരി വാഹന രജിസ്ട്രേഷൻ തട്ടിപ്പ് കേസിൽ സുരേഷ് ഗോപി എംപിയെ അറസ്റ്റ് ചെയ്യുന്നത് പത്ത് ദിവസത്തേക്ക് കൂടി തടഞ്ഞു
സുരേഷ് ഗോപിക്കെതിരെയുള്ള കേസ് പരിഗണിച്ച ഹൈക്കോടതിയാണ് പത്ത് ദിവസത്തേക്ക് കൂടി അറസ്റ്റ് തടഞ്ഞ് ഉത്തരവിട്ടത് അതേസമയം, സുരേഷ് ഗോപിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റിവെച്ചു. പോണ്ടിച്ചേരിയിലെ വ്യാജവിലാസത്തിൽ വാഹനം രജിസ്റ്റർ ചെയ്ത് നികുതിവെട്ടിപ്പ് നടത്തിയെന്നാണ് സുരേഷ് ഗോപിക്കെതിരെയുള്ള കേസ്. എംപിയെ കൂടാതെ സിനിമാ താരങ്ങളായ ഫഹദ് ഫാസിൽ, അമലാപോൾ എന്നിവർക്കെതിരെയും ക്രൈം ബ്രാഞ്ച് കേസെടുത്തിട്ടുണ്ട്. പോണ്ടിച്ചേരിയിൽ നടത്തിയ പരിശോധനയിൽ ഏകദേശം 1500ഓളം വ്യാജവിലാസങ്ങൾ കണ്ടെത്തിയതായി ക്രൈം ബ്രാഞ്ച് സംഘം കോടതിയെ അറിയിച്ചു. കേരളത്തിലുള്ളവർക്ക് വ്യാജവിലാസത്തിൽ പോണ്ടിച്ചേരിയിൽ രജിസ്ട്രേഷൻ നടത്തികൊടുക്കാനായി ഗൂഢസംഘം പ്രവർത്തിക്കുന്നുണ്ടെന്നും അന്വേഷണസംഘം ഹൈക്കോടതിയെ അറിയിച്ചു. ഒരേവിലാസത്തിൽ തന്നെ നിരവധി വാഹനങ്ങളാണ് പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും ക്രൈം ബ്രാഞ്ച് സംഘം വ്യക്തമാക്കി. വ്യാജ രജിസ്ട്രേഷൻ കേസിൽ സുരേഷ് ഗോപി എംപിക്കെതിരെ മതിയായ തെളിവുകളുണ്ടെന്നും, പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തതിന്റെ കൃത്യമായ രേഖകൾ കണ്ടെത്തിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.