Jerusalem: UN Resolution Rejects Trump's Declaration
ഇസ്രായേലിൻറെ തലസ്ഥാനമായി ജെറുസലേമിനെ അംഗീകരിച്ചുകൊണ്ടുള്ള യുഎസ് പ്രഖ്യാപനത്തിന് ഐക്യരാഷ്ട്രസഭയില്‍ വൻ തിരിച്ചടി. ഒമ്പതിനെതിരെ 128 വോട്ടുകള്‍ക്കാണ് അമേരിക്കക്കെതിരായ പ്രമേയം യുഎൻ പാസ്സാക്കിയത്. അതേസമയം പൊതുസഭയില്‍ നടന്ന വോട്ടെടുപ്പില്‍ നിന്ന് 35 രാജ്യങ്ങള്‍ വിട്ടുനിന്നു. ജെറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച യുഎസ് നടപടി അംഗീകരിക്കരുതെന്നും ജെറുസലേമില്‍ എംബസി ആരംഭിക്കരുതെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ് യുഎന്‍ പ്രമേയം. ഡിസംബർ ആറിനാണ് ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അമേരിക്ക അംഗീകരിച്ചത്. ജെറുസലേം വിഷയത്തില്‍ യുഎസിനെതിരെ വോട്ട് ചെയ്യരുതെന്ന് കാണിച്ച് അമേരിക്കയുടെ യുഎന്‍ അംബാസഡര്‍ നിക്കി ഹാലെ അംഗരാഷ്ട്രങ്ങള്‍ക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് തങ്ങള്‍ക്കെതിരായി വോട്ട് രേഖപ്പെടുത്തുന്ന രാജ്യങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുമെന്ന് കാണിച്ച് ട്രംപ് ഭീഷണി മുഴക്കിയത്. വ്യാഴാഴ്ചയാണ് ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച യുഎസ് തീരുമാനത്തിനെതിരേ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ വോട്ടെടുപ്പ് നടന്നത്.