Sunny Leone: Safety is first, would not come to Bengaluru
പുതുവർഷത്തിൽ ബെഗളൂരുവിൽ നടത്താനിരുന്ന നൃത്ത പരിപാടിയിൽ നിന്ന് പിൻമാറുന്നെന്ന് ബോളിവുഡ് താരം സണ്ണി ലിയോൺ. ട്വിറ്ററിലൂടെയാണ് താരം വിവരം പുറത്തുവിട്ടത്. ബെംഗളൂരുവിൽ നടക്കുന്ന പരിപാടിയിൽ താരത്തിന്റേയും ആളുകളുടേയും സുരക്ഷ ഉറപ്പാക്കാൻ പറ്റില്ലെന്ന് പോലീസ് പരസ്യമായി വ്യക്തമാക്കിയതിനെ തുടർന്നാണ് പരിപാടിയിൽ നിന്ന് പിന്മാറുന്നതെന്ന് സണ്ണി ലിയോൺ പറഞ്ഞു. കൂടാതെ താരം ആരാധകർക്കു പുതുവത്സരാശംസയും അറിയിച്ചിട്ടുണ്ട്. നൃത്ത പരിപാടിയിൽ അനുമതി നിഷേധിച്ചതിനെ തുടർന്ന് സംഘാടകർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇത്തരം ആഘോഷം ഇന്ത്യൻ സംസ്കാരത്തിന് ചേർന്നതല്ലയെന്ന ആരോപണവുമായി കന്നഡ രക്ഷണ വേദികെ യുവസേന പ്രക്ഷോഭം ശക്തമാക്കിയതിനെ തുടർന്നാണ് സണ്ണി നെറ്റ് ഇൻ ബെംഗളൂരു ന്യൂ ഇയർ ഈവ് 2018 പരിപാടിയ്ക്കുള്ള അനുമതി റദ്ദാക്കിയത്. നൃത്ത പരിപാടിക്കുള്ള തയ്യാറെടുപ്പുകൾ ഏകദേശം പൂർത്തിയായിരുന്നെന്ന് സംഘാടകർ പറയുന്നു. ഹാൾ, വിമാന ടിക്കറ്റുകൾ, ഹോട്ടൽ റൂം എന്നിവയൊക്കെ ഒരുക്കിക്കഴിഞ്ഞെന്നും ടിക്കറ്റ് വിൽപന പോലും ആരംഭിച്ച ശേഷമാണ് സർക്കാർ അനുമതി നിഷേധിച്ചതെന്നും അവർ പറഞ്ഞു. ഒന്നര കോടി രൂപയോളം ചെലവിട്ട് ടൈംസ് ക്രിയേഷൻസാണ് ബെംഗളൂരു മാന്യത ടെക്പാർക്കിനു സമീപത്തെ വൈറ്റ് ഓർക്കിഡ് ഹോട്ടലിൽ പുതുവർഷാഘോഷത്തിന് പദ്ധതിയിട്ടത്.