Actress Thodupuzha Vasanthi Passes Away
നാടക, സിനിമാ നടി തൊടുപുഴ വാസന്തി അന്തരിച്ചു. 65 വയസ്സായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ വാഴക്കുളത്തുള്ള സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു ഇവരുടെ അന്ത്യം. സംസ്‌കാരം വൈകീട്ട് നാലിന് തൊടുപുഴ മണക്കാട്ടുള്ള സഹോദരന്റെ വീട്ടില്‍ വച്ച് നടക്കും.തൊണ്ടയില്‍ അര്‍ബുദം ബാധിച്ച് ചികില്‍സയിലായിരുന്നു ഇവര്‍. ഇതിനിടെ പ്രമേഹം ബാധിച്ചതിനെ തുടര്‍ന്നു വലതു കാല്‍ മുറിച്ചു മാറ്റുകയും ചെയ്തിരുന്നു. 450 ലേറെ സിനിമകളില്‍ വാസന്തി അഭിനയിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കടുത്ത് മണക്കാട് എന്ന ഗ്രാമത്തിലാണ് ഇവരുടെ ജനനം. നാടകന്‍ നടന്‍ കൂടിയായിരുന്ന അച്ഛന്‍ രാമകൃഷ്ണന്‍ നായരുടെ ബാലെ ട്രൂപ്പില്‍ കൂടിയാണ് അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത്. പീനല്‍കോഡെന്ന നാടകത്തില്‍ അഭിനയിക്കവെയാണ് പി വാസന്തി തൊടുപുഴ വാസന്തിയായി മാറിയത്. നടി അടൂര്‍ ഭവാനിയാണ് ഇവരെ ആദ്യമായി ഈ പേര് വിളിച്ചത്. ആസിഫ് അലി നായകനായി 2016ല്‍ പുറത്തിറങ്ങിയ ഇതു താന്‍ടാ പോലീസ് എന്ന സിനിമയിലാണ് വാസന്തി അവസാനമായി അഭിനയിച്ചത്.