രജപുത് കര്‍ണിസേന അടക്കമുള്ള സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് റിലീസടക്കം അനിശ്ചിതമായി നീളുന്ന പദ്മാവതിക്ക് പിന്തുണയുമായി ബംഗാള്‍. പദ്മാവതി ചിത്രത്തെയും ടീമിനെയും ഇരു കയ്യും നീട്ടി സ്വീകരിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പ്രദർശനത്തിന് പ്രത്യേക സംവിധാനം ഒരുക്കാൻ തയാറാണെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. ബിജെപി സംസ്ഥാനങ്ങൾ ബോളിവുഡ് പദ്മാവതിക്ക് നിരോധനം ഏർപ്പെടുത്താന്‍ മത്സരിക്കുമ്പോഴാണ് മമതയുടെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചിത്തഭ്രമമാണെന്നും മമത പറഞ്ഞു. ചിത്രത്തിന്റെ പ്രദർശനത്തിന് പ്രത്യേക സംവിധാനം ഒരുക്കി നൽകും. ബംഗാൾ അഭിമാനത്തോടെയും സന്തോഷത്തോടെയും ഇക്കാര്യം നിർവഹിക്കുമെന്നും അവർ പറഞ്ഞു. ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേയുടെ കോൺക്ലേവിൽ സംസാരിക്കവേ ആയിരുന്നു മമതയുടെ പ്രസ്താവന. പദ്മാവതിയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു.