ISL 2017: Kerala Blasters Name Sandesh Jhingan as captain
ഐഎസ്എല്‍ നാലാം അങ്കം തുടങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കേരള ബ്ലാസ്റ്റേഴ്സ് നായകനെ പ്രഖ്യാപിച്ചു. പ്രതിരോധ നിരയിലെ കരുത്തന്‍ സന്ദേശ് ജിംഗാനാണ് ബ്ലാസ്റ്റേഴ്സിന്‍റെ ക്യാപ്റ്റന്‍. ഇന്ത്യന്‍ ദേശീയ ടീമിന്‍റെ ക്യാപ്റ്റനായി പരിചയ സമ്പത്തുള്ള ജിംഗാന്‍ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രിയപ്പെട്ട താരം കൂടിയാണ്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ട്രൈ നേഷന്‍ സീരീസിലായിരുന്നു ജിംഗന്‍ ദേശീയ ടീം നായകന്‍റെ ആം ബാന്‍ഡണിഞ്ഞത്. ഐഎസ്എല്‍ ആരംഭിച്ചത് മുതല്‍ ബ്ലാസ്റ്റേഴ്സിന്‍റെ ഭാഗമാണ് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സെന്‍ട്രല്‍ ബാക്കുകളില്‍ ഒരാളായ ജിംഗാന്‍. ക്ലബിന്‍റെ വിജയത്തിലും പരാജയത്തിലും ഒപ്പമുണ്ടായിരുന്ന താരം. ടീമിനും ആരാധകര്‍ക്കും മാനേജ്മെന്റിനുമൊപ്പമുള്ള അനുഭവ സമ്പത്ത് നായകന്‍ എന്ന നിലയില്‍ ജിംഗന് ഗുണം ചെയ്യും.മാഞ്ചസ്റ്റര്‍ യുണൈറ്റഡും സണ്ടര്‍ലാന്‍ഡും ബ്ലാക്ക്ബേണ്‍ റോവേഴ്സും അടക്കമുള്ള ക്ലബുകളിലെ പരിചയ സമ്പത്തും സീനിയോരിറ്റിയുമുള്ള വെസ് ബ്രൌണ്‍ നായകനായേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പക്ഷേ ടീമില്‍ പുതിയതായതുകൊണ്ടും ഇന്ത്യയിലെ സാഹചര്യങ്ങള്‍ വ്യത്യസ്തമായതുകൊണ്ടും ബ്രൌണിനല്ല, ജിംഗനാണ് നറുക്ക് വീണത്. കഴിഞ്ഞ സീസണിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്തയും റണ്ണറപ്പുകളായ ബ്ലാസ്റ്റേഴ്സും തമ്മിലാണ് ഉദ്ഘാടന മത്സരം. കഴിഞ്ഞ സീസണില്‍ നേരിയ വ്യത്യാസത്തില്‍ കപ്പ് നഷ്ടമായെങ്കിലും അതിലും മികച്ച സന്നാഹങ്ങളുമായിട്ടാണ് ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങുന്നത്. എല്ലാ പിന്തുണയുമായി മഞ്ഞപ്പടയെന്ന ആരാധക വൃന്ദവുമുണ്ട്.