Demonetisation Anniversary; Modi thanks 125 crore Indians for support
നോട്ട്നിരോധനത്തിന്‍റെ വാര്‍ഷികത്തില്‍ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. നോട്ട്നിരോധനം വിജയമായിരുന്നുവെന്നും നിര്‍ണായ പോരാട്ടത്തില്‍ പങ്കാളികളായ രാജ്യത്തെ 125 കോടി ജനങ്ങള്‍ക്കും പ്രണാമമെന്നും മോദി പറഞ്ഞു. തന്‍റെ ഔദ്യോഗി ട്വിറ്റര്‍ പേജിലിട്ട വീഡിയോയിലൂടെയാണ് പ്രധാനമന്ത്രി നോട്ട്നിരോധനത്തിന്‍റെ നേട്ടങ്ങള്‍ വിവരിച്ചത്. നികുതിദായകരുടെ എണ്ണത്തിലും നികുതി വരുമാനത്തിലും വലിയ വന്‍വര്‍ധന ഉണ്ടായെന്നും നോട്ട് അസാധുവാക്കല്‍ വഴി വായ്പകളുടെ പലിശ കുറഞ്ഞെന്നും പ്രധാനമന്ത്രി പറഞ്ഞു. വിനിമയത്തിലുണ്ടായിരുന്ന 86 ശതമാനം നോട്ടുകളും അസാധുവാക്കിയ തീരുമാനം ശരിയായിരുന്നുവെന്ന് തന്നെയാണ് പ്രധാനമന്ത്രി പറഞ്ഞു വെക്കുന്നത്. അതേസമയം നോട്ട് നിരോധനം രാജ്യത്തെ പിന്നോട്ടടിച്ചെന്നാരോപിച്ച് പ്രതിപക്ഷപാര്‍ട്ടികള്‍ ഇന്ന് പ്രതിഷേധദിനം ആചരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ട് മുതലാണ് 500,1000 രൂപ നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചത്. ബിജെപി ഈ ദിവസം കള്ളപ്പണ വിരുദ്ധ ദിനമായാണ് ആചരിക്കുന്നത്.