Saudi Arabia intercepted and destroyed a ballistic missile over Riyadh after it was launched from conflict-torn Yemen, with debris landing inside the capital's international airport, officials said.
റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്രവിമാനത്താവളം ലക്ഷ്യമാക്കി മിസൈല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ലക്ഷ്യത്തിലെത്തും മുമ്പ് മിസൈല്‍ തകര്‍ക്കാനായെങ്കിലും സൗദി അറേബ്യയുടെ അതിര്‍ത്തിക്കു മുകളിലൂടെ 800 കിലോമീറ്റര്‍ സഞ്ചരിച്ചുവെന്ന് അല്‍ജസീറ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിലും വിമാനത്താവളത്തിനു സമീപം പുക ഉയരുന്നതായി കാണുന്നുണ്ട്. പ്രാദേശിക സമയം രാത്രി ഏകദേശം എട്ടുമണിയോടെ ആക്രമണമുണ്ടായ കാര്യം സൗദി ന്യൂസ് ഏജന്‍സി സ്ഥിരീകരിച്ചിട്ടുണ്ട്. മിസൈല്‍ അതിര്‍ത്തി ലംഘിച്ച് ഇത്രയും ദൂരം സഞ്ചരിച്ചുവെന്ന വാര്‍ത്ത ജനങ്ങളെയും പരിഭ്രാന്തിയിലാഴ്ത്തിയിട്ടുണ്ട്. ''റിയാദില്‍ കേട്ട ആ വലിയ സ്‌ഫോടനശബ്ദത്തിനു പിറകില്‍ ഞങ്ങളാണ്. സ്‌കഡ് വിഭാഗത്തില്‍ പെട്ട ബുര്‍കന്‍ 2 എച്ച് മിസൈലാണ് അയച്ചത്. അവര്‍ ഞങ്ങളുടെ നഗരങ്ങളിലെ സിവിലിയന്മാര്‍ക്കെതിരേ വളരെ ക്രൂരമായാണ് ഷെല്ലാക്രമണം നടത്തുന്നത്. ഇനി അവര്‍ക്ക് ഞങ്ങളുടെ മിസൈലില്‍ നിന്നും രക്ഷപ്പെടാനാകില്ല''-വിമത വിഭാഗത്തിന്റെ വക്താവ് അറിയിച്ചു. മിസൈലിന്‍റെ ഭാഗങ്ങള്‍ റിയാദ് വിമാനത്താവളത്തില്‍ പതിച്ചെങ്കിലും നാശനഷ്ടങ്ങള്‍ ഇല്ലെന്നും വിമാന സര്‍വീസുകള്‍ സാധാരണ പോലെ തുടരുന്നുണ്ടെന്നും സിവില്‍ ഏവിയേഷന്‍ അറിയിച്ചു. ഹൂത്തി നിയന്ത്രണത്തിലുള്ള അല്‍ മാസിറ ടെലിവിഷന്‍ ചാനല്‍ വഴി ഭീകരവാദികള്‍ ആക്രമണം സ്ഥിരീകരിച്ചു. റിയാദ് വിമാനത്താവളമായിരുന്നു ലക്ഷ്യമെന്നു ഭീകരവാദികള്‍ പറഞ്ഞു. പുണ്യ നഗരമായ മക്ക ഉള്‍പ്പെടെ സൗദിയുടെ പ്രധാന കേന്ദ്രങ്ങള്‍ ലക്ഷ്യമായി ഇതുവരെ എഴുപത്തിയെട്ട് മിസൈലുകളാണ് ഹൂത്തികള്‍ തൊടുത്തു വിട്ടിട്ടുള്ളത്. ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ശിക്ഷാനിയമങ്ങള്‍ സൗദി ഭേദഗതി ചെയ്തു. പുതിയ നിയമ പ്രകാരം രാജാവ്, കിരീടാവകാശി എന്നിവരെ പരസ്യമായി ഇകഴ്ത്തിയാല്‍ അഞ്ചു മുതല്‍ പത്ത് വര്‍ഷം വരെ തടവ് ലഭിക്കും.