One More Airport In Kerala?
കേരളത്തില്‍ പുതുതായി ഒരു വിമാനത്താവളം കൂടി വന്നേക്കും. ഇത്തവണ കോഴിക്കോടിനെയാണ് പരിഗണിക്കുന്നത്. ഇവിടെ വിമാനത്താവളം ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നതായി കേരള കൗമുദി റിപ്പോര്‍ട്ടില്‍ പറയുന്നു. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി കേന്ദ്രമാക്കി വിമാനത്താവളം ആരംഭിക്കുന്നതിന് സാധ്യതാ പഠനം നടത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലാ കലക്ടര്‍ക്കും എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്കും ഇതു സംബന്ധിച്ച് നിര്‍ദേശം ലഭിച്ചു കഴിഞ്ഞു.
മലബാര്‍ ഡെവലപ്മെന്റ് കൗണ്‍സില്‍ നല്‍കിയ നിവേദനം പരിഗണിച്ചാണ് സര്‍ക്കാര്‍ പുതിയ വിമാനത്താവളത്തെക്കുറിച്ച് ആലോചിക്കുന്നത്. നിലവില്‍ കോഴിക്കോട് ജില്ലയിലുള്ളവര്‍ ആശ്രയിക്കുന്നത് കരിപ്പൂര്‍ വിമാനത്താവളത്തെയാണ്. എന്നാല്‍ വലിയ വിമാനങ്ങള്‍ക്ക് ഇവിടെ ഇറങ്ങാന്‍ പറ്റാത്തത് വലിയ പോരായ്മയാണ്. ഇതു കൂടി പരിഹരിക്കുകയെന്ന ലക്ഷ്യത്തോടൊണ് കോഴിക്കോട്ട് വിമാനത്താവളം അനുവദിക്കണമെന്ന് മലബാര്‍ ഡെവലപ്മെന്റ് കൗണ്‍സില്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടത്.